02:00am 16 September 2026
NEWS
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായുള്ള പരിശീലന പരിപാടിയില്‍ പരിശീലകനായി ജനപ്രതിനിധി
15/09/2026  07:46 PM IST
nila
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായുള്ള പരിശീലന പരിപാടിയില്‍ പരിശീലകനായി ജനപ്രതിനിധി

 

ചെങ്ങന്നൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍  പരിശീലകനായി ജനപ്രതിനിധി. ഹരിപ്പാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പഞ്ചായത്തുകളിലെ പഞ്ചായത്തംഗങ്ങള്‍ക്ക് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ 2026 എന്ന വിഷയത്തിലുള്ള പരിശീലന പരിപാടിയിലാണ് ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഷിബു രാജന്‍ പരിശീലകനായി എത്തിയത്. മുന്‍കാലങ്ങളിലും കിലയുടെ പരിശീലകന്‍ ആയിരുന്നെങ്കിലും ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പരിശീലകനായി എത്തുന്നത്.

ചെങ്ങന്നൂര്‍ നഗരസഭയില്‍ അഞ്ചു തവണ അഞ്ച് വ്യത്യസ്ഥ വാര്‍ഡുകളില്‍ നിന്ന് നഗരസഭാ കൗണ്‍സിലറായി തെരഞ്ഞടുക്കപ്പെട്ടയാളാണ് കെ. ഷിബുരാജന്‍. ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാന്‍, വൈസ്-ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി എന്നീ സ്ഥാന ങ്ങളില്‍ മികവുറ്റ ഭരണം കാഴ്ചവെച്ച കെ.ഷിബുരാജന്‍ നിലവില്‍ നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേര്‍സണാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സംവിധാനം, ഓഫീസ് നിര്‍വ്വഹണം, മുനിസിപ്പല്‍ ആക്ട്, കുടുംബശ്രീ എന്നിവയടക്കം സമസ്ത മേഖലകളേയും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തൃശൂരിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ 22 പേരില്‍ ഒരാള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കുടുംബശ്രീ അംഗങ്ങളുടേയും ഔദ്യോഗിക പരിശീലകന്‍. പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ അദ്ധ്യക്ഷന്മാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍ എന്നിവരടക്കം രണ്ടായിരത്തോളം ജനപ്രതിനിധികള്‍ക്കും അഞ്ഞൂറോളം ഉദ്യോഗസ്ഥര്‍ക്കും അയ്യായിരത്തോളം കുടുംബശ്രീ അംഗങ്ങള്‍ക്കും പരിശീലനം നല്‍കാന്‍ കഴിഞ്ഞിട്ടുള്ള ഏക ജനപ്രതിനിധി. കേന്ദ്രസര്‍ക്കാരിന്റെ യുവജനക്ഷേമ മന്ത്രാലയം രാജ്യത്തെ നഗരസഭ-കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കായി ഏറ്റവും ലളിതമായ കൈപുസ്തകം തയ്യാറാക്കുന്നതിനായി ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2012 ജൂണ്‍ 5 മുതല്‍ 10 വരെ സംഘടിപ്പിച്ച രാജ്യാന്തര ശില്‍പശാലയില്‍ കേരളത്തെ പ്രതിനിധീകരിച്ച നഗരസഭാ കൗണ്‍സിലര്‍. ജനകീയ ആസൂത്രണ പദ്ധതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതികള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്ന ജില്ലാതല സാങ്കേതിക ഉപദേശക സമിതി അംഗം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കില ചുമതലപ്പെടുത്തിയ മുന്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍. സംസ്ഥാനത്തിനകത്തും പുറത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ശുചിത്വം, മാലിന്യ സംസ്‌ക്കരണം, വിവിധ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ശില്പശാലകളില്‍ ജില്ലയേയും സംസ്ഥാനത്തേയും പ്രതിനിധീകരിച്ച ജനപ്രതിനിധി. മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ചെങ്ങന്നൂര്‍ മീഡിയാ സെന്ററിന്റെ  പ്രസിഡന്റുമാണ്.
നാടകം, വിവിധ നാടന്‍ കലകള്‍, വിവിധ പാശ്ചാത്യ - പൗരസ്ത്യ നൃത്ത്യങ്ങള്‍  എന്നിവയില്‍ സംസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിലുമായി മൂവായിരത്തിലധികം വേദികളില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ്. സമകാലീന വിഷയങ്ങളില്‍ നിരവധി തെരുവു നാടകങ്ങള്‍ സംവിധാനം ചെയ്തും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. ഷോട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.